K Rajagopal
Assistant editor
സുദീർഘമായ ഒരു കാലയളവിൽ മലയാളചലച്ചിത്രരംഗത്തു പ്രവർത്തിച്ച, ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രഗൽഭനായ ഒരു ചിത്രസംയോജകനാണു് ശ്രീ കെ രാജഗോപാൽ. ഇദ്ദേഹം1952 ജൂലൈ 24 നു് പാലക്കാടു് ജില്ലയിലെ കൊല്ലങ്കോട്ടു പ്രദേശത്തെ പനങ്ങാട്ടിരി എന്ന സ്ഥലത്തു് ജനിച്ചു. അച്ഛൻ - ശ്രീ കൃഷ്ണൻകുട്ടി പണിക്കർ, അമ്മ - ശ്രീമതി പത്മാവതി. പനങ്ങാട്ടിരി യു പി സ്കൂളിലും, കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം.അതിനുശേഷം ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുവാനുള്ള താല്പര്യത്താൽ മദ്രാസിലേക്കു് പോയി. അങ്ങനെ 1971 മുതൽ മദ്രാസിൽ പ്രസിദ്ധ ചലച്ചിത്രസംയോജകനായ ശ്രീ ജി വെങ്കിട്ടരാമന്റെ ശിക്ഷണത്തിൽ ചലച്ചിത്രസംയോജനത്തിൽ പരിശീലനം ആരംഭിച്ചു. ജ്യേഷ്ഠ സഹോദരനായ ശ്രീ പ്രഭാകരൻ, തമിഴ്-മലയാളം ചലച്ചിത്രരംഗത്തെ പ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ ശ്രീ പി എൻ സുന്ദരം എന്നിവരുടെ മാർഗ്ഗദർശനത്തിൽ ക്രമേണ ചലച്ചിത്രസംയോജനമേഖലയിൽ രാജഗോപാൽ സജീവമായി. ചിത്രസംയോജകൻ ജി വെങ്കിട്ടരാമന്റെ പ്രധാന സഹായിയായി ഇരുന്നൂറിൽപ്പരം ചലച്ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ടു്.
1976 ൽ ‘ക്ഷേത്രം’ എന്ന ചിത്രത്തിൽ ഒരു സ്വതന്ത്ര ചിത്രസംയോജകനായി പ്രവർത്തിച്ചുവെങ്കിലും ആ ചിത്രം റിലീസായില്ല. പിന്നീടു് സഹപാഠിയും, പ്രശസ്ത സംവിധായകനുമായ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത "തീരെ പ്രതീക്ഷിക്കാതെ" എന്ന ചിത്രമാണു് രാജഗോപാൽ സ്വതന്ത്ര ചിത്രസംയോജകനായി പ്രവർത്തിച്ചു് ആദ്യമായി പുറത്തിറങ്ങിയ ചിത്രം. പിന്നീടിങ്ങോട്ടു് നൂറ്റിയൻപതിൽപ്പരം സിനിമകളിൽ ചിത്രസംയോജകനായി പ്രവർത്തിച്ച രാജഗോപാൽ ഇപ്പോഴും ചലച്ചിത്രമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. പി ചന്ദ്രകുമാർ, സത്യൻ അന്തിക്കാടു്, കമൽ മുതലായ പ്രശസ്തരുടെ ഏറെ വിജയം വരിച്ചതും ജനപ്രീതിയാർജ്ജിച്ചതുമായ ഒട്ടുമിക്ക സിനിമകളുടേയും ചിത്രസംയോജകൻ ശ്രീ രാജഗോപാൽ ആയിരുന്നു. മലയാള സിനിമകൾ കൂടാതെ ഏതാനും ഹിന്ദി, തമിഴ്, ഇംഗ്ളീഷ്, അറബിക് ചിത്രങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ടു്.
ചിത്രസംയോജനരംഗത്തു് തന്റേതായ സ്ഥാനം കണ്ടെത്തിയ രാജഗോപാലിനു് വിവിധ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. ‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിനുവേണ്ടി പി.എ. ബക്കർ ഫൗണ്ടേഷൻ പുരസ്കാരം, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുരസ്ക്കാരം, ‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്ന ചിത്രത്തിലൂടെ 2013 ലെ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തുടങ്ങിയവയാണു് പ്രമുഖ പുരസ്കാരങ്ങൾ.
തന്റെ കുടുംബത്തോടൊപ്പം ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശ്രീ കെ രാജഗോപാലിന്റെ ഭാര്യ അദ്ധ്യാപികയായ ലിൻഡ ജെനെറ്റ് ആണു്. രാജഗോപാലിന്റെ സഹോദരീ പുത്രൻ - ശ്രീഹരി, ഇദ്ദേഹത്തിന്റെ അസോസിയേറ്റായി ചലച്ചിത്രമേഖലയിൽത്തന്നെ പ്രവർത്തിക്കുന്നു.
തയ്യാറാക്കിയതു് - കല്യാണി
References :
Wikipedia
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 1
Movie |
Year |
Producer |
Director |
Ankathattu |
1974 |
Mohammad Aazam (Aazam Bhai) |
TR Raghunath |
Available Web Series :
Available Short Movies :